ചിയാങ് മായ്: 2026 എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം പി. മാളവികയുടെ ഗോള്‍. രാജ്യാന്തര ജഴ്സിയില്‍ കാസര്‍ഗോഡ് സ്വദേശിയായ മാളവികയുടെ കന്നിഗോളാണ്. നീണ്ട 26 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഒരു മലയാളി എത്തുന്നത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മംഗോളിയയ്ക്കെതിരേ 71-ാം മിനിറ്റിലായിരുന്നു മാളവികയുടെ ഗോള്‍. മത്സരത്തില്‍ ഇന്ത്യ 13-0നു ജയിച്ചു.
കളത്തിൽ എത്തി ആറാം മിനിറ്റില്‍ ഗോള്‍
65-ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചില്‍നിന്നാണ് 21കാരിയായ മാളവിക കളത്തില്‍ എത്തിയത്. മലയാളി താരം എത്തുമ്പോള്‍ 8-0ന് ഇന്ത്യ ലീഡ് ചെയ്യുകയായിരുന്നു. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ റിമ്പ ഹല്‍ദാറിന് (67’’) അസിസ്റ്റ് നല്കിയ മാളവിക, ആറാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കി. കൊച്ചി സ്വദേശിയായ ബെന്റ്ല ഡികോത്തയാണ് മാളവികയ്ക്കു മുമ്പ് ഇന്ത്യക്കുവേണ്ടി കളിച്ച മലയാളി താരം.
സംഗീത ബാസ്ഫോര്‍ (8’) ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. സൗമ്യ ഗുഗുലോത്ത് (20’, 59’), പ്രിയദര്‍ശിനി സെല്ലദുരൈ (73’, 86’) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. പ്യാരി സാക്സ (29’, 45’, 46’, 52’, 55’) അഞ്ച് ഗോള്‍ മംഗോളിയന്‍ വലയില്‍ നിക്ഷേപിച്ചു. ഗ്രേസ് ഡാങ്മി (75’) പെനാല്‍റ്റിയിലൂടെയും ഗോള്‍ സ്വന്തമാക്കി.